ഈയുഗം ന്യൂസ്
September 30, 2026 Wednesday 02:00:58pm
ദോഹ: ബുധനാഴ്ച രാവിലെ ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായിയുടെ യാത്രാവിമാനം സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിനുള്ളിൽ കോക്ക്പിറ്റിൽ വെച്ചുണ്ടായ തർക്കത്തിനിടെ പൈലറ്റുമാരിലൊരാൾ വിമാനം റാഞ്ചാൻ ശ്രമിച്ചതാണ് ഇതിന് കാരണമെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
"വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവാക്കപ്പെട്ടു" എന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ 'ദ ജെറുസലേം പോസ്റ്റി'നോട് പറഞ്ഞു. വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെ പൈലറ്റുമാരിലൊരാൾ അത് റാഞ്ചാൻ ശ്രമിച്ചു. വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലികളുടെ സഹായത്തോടെ മറ്റ് ജീവനക്കാർ ചേർന്ന് പൈലറ്റിനെ കീഴ്പ്പെടുത്തുകയും നിയന്ത്രണത്തിലാക്കുകയും ചെയ്തതായി ആ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തർക്കത്തിനിടെ വിമാനം ഏകദേശം 4,000 മീറ്റർ താഴേക്ക് പതിച്ചതായി റിപോർട്ടുകൾ ചൂണ്ടിക്കാട്ടി.
നൂറിലധികം ഇസ്രായേലി യാത്രക്കാർ ഉണ്ടായിരുന്ന വിമാനം ആദ്യം തട്ടിക്കൊണ്ടുപോകപ്പെടുകയാണെന്ന സന്ദേശം നൽകിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനത്തെ രക്ഷിക്കാൻ ഇസ്രായേലി യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ഇസ്രായേലി പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു
അതിവേഗത്തിലാണ് വിമാനം താഴോട്ട് കുതിച്ചത്. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ച സഹപൈലറ്റ് മെയിൻ പൈലട്ടിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കോക്ക്പിറ്റിൽ നിറയെ രക്തമായിരുന്നെന്ന് ചില യാത്രക്കാർ പറഞ്ഞു.
സൗദിയിലെ തബൂക് വിമാനത്താവളത്തിലാണ് വിമാനം പിന്നീട് ഇറങ്ങിയത്.
പൈലറ്റ്മാർ തമ്മിൽ അടിപിടിയുണ്ടായതായി ഫ്ലൈ ദുബായ് സ്ഥിരീകരിച്ചു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിൽ വസ്ത്രത്തിൽ രക്തം പുരണ്ട ഒരു യാത്രക്കാരനെയും കാണാം.
പൈലട്ടുമാർ ഏത് ദേശക്കാരാണെന്ന് വ്യക്തമല്ല.